Friday, June 3, 2022

Choosing your first cycle - ആദ്യ സൈക്കിൾ എങ്ങനെ വേണം?

-നമ്മൾ മിക്കവാറും സൈക്കിൾ വാങ്ങാൻ  ആശ്രയിക്കുന്നത് വ്യാപാരികളുടെയോ കടകളിലെ ജീവനക്കാരുടെയോ ഉപദേശമായിരിക്കും. കുറച്ചു ആളുകൾ യൂട്യൂബിലേയും മറ്റു സാമൂഹ്യ മാദ്ധ്യമങ്ങളിലേയും റിവ്യൂകൾ കണ്ടിട്ടായിരിക്കും തീരുമാനിക്കുക. ഇന്റർനെറ്റും കമ്പിനി സൈറ്റും അരിച്ചു പെറുക്കി വായിക്കും.  അങ്ങനെ "ഒരുപാട് ഫീച്ചറുകളും" കാണാൻ ഭംഗിയും തടിമിടുക്കുമുള്ള ഒരു സൈക്കിൾ വാങ്ങും.  ആദ്യ ദിവസം 5 കിലോമീറ്റർ ചവിട്ടും. ചവിട്ടൽ പരിചയമായി, ക്രമത്തിൽ സവാരിയുടെ ദൈർഘ്യം വർദ്ധിപ്പിക്കാമെന്ന് കരുതി രണ്ടാം ദിവസം ഇറങ്ങും.  ആദ്യ ദിവസത്തിലും വേഗം ക്ഷീണം വരും, 3 കിലോമീറ്റർ ചവുട്ടി മതിയാക്കും.  4-5 ദിവസത്തിനു ശേഷം ആയിരിക്കും  വീണ്ടും ചവിട്ടുക. അന്ന് 100 മീറ്റർ എത്തുന്നതിനു മുമ്പേ വേദനകൾ തുടങ്ങും. സവാരിക്കു ശേഷവും മണിക്കൂറുകളും ദിവസങ്ങളോളവും ശരീര വേദന.  പിന്നെ സൈക്കിൾ സവാരി "നമ്മുക്കു പറഞ്ഞതല്ലാ" എന്ന് നിശ്ചയിച്ച് സൈക്കിളങ്ങ് തട്ടിൻ പുറത്തോ തുണി ഉണക്കാനോ ഉപായാഗിക്കും.

അനുഭവിച്ചിട്ടുണ്ടോ??

കാരണം വളരേ എളുപ്പത്തിൽ പറയാം.  മറ്റുള്ളവരുടെ - ആരു തന്നെയായിരുന്നാലും - ഉപദേശവും ഇൻ്റർനെറ്റിലെ സർച്ചും സാമുഹ്യ മാദ്ധ്യമങ്ങളിലെ റിവ്യൂകളും, പിന്നെ ഫീച്ചറുകളും നോക്കിയാണ് നിങ്ങൾ സൈക്കിൾ വാങ്ങിയത്.   നോക്കേണ്ടിയിരുന്നത്, - നോക്കാത്തത് - നിങ്ങളെ തന്നെയായിരുന്നു. നിങ്ങളുടെ ശരീരം - സൈക്കിളിൻ്റെ "എഞ്ചിൻ" വാങ്ങിയ റെസക്കിളിന് യോജിച്ചതായിരിക്കണം എന്ന് ആരും പറഞ്ഞില്ല. നിങ്ങൾ നോക്കിയുമില്ല. എന്ത് നോക്കാനാ? അല്ലേ??

വിശദമാക്കാം. 


 ചിത്രം 1 ഒരു ഫ്രേയ്മും അതിൻ്റെ അളവുകളുമാണ്. (ബെർഗമണ്ട് എന്ന കമ്പനി സൈറ്റിൽ നിന്ന് എടുത്തതാണ് അളവുകൾ ചിത്രത്തിലില്ല). ശ്രദ്ധിക്കേണ്ടത് "A", "B*" (B അല്ല) എന്നീ അളവുകൾ ശ്രദ്ധിക്കുക. A, സീറ്റ് ട്യൂബ് എന്ന ഭാഗത്തിന്റെ നീളമാണ്. B, Top tubeൻ്റെ യതാർഥ അളവാണ്. "യതാർഥ അളവ്" എന്നാൽ ചിലപ്പോൾ  top tube ചെരിഞ്ഞതോ വനിതകൾക്കായുള്ള മോഡലുകളിൽ കാണുന്ന പോലെ  വളഞ്ഞതോ ആയിരിക്കാം. അതു കൊണ്ടാണ് ഇതിൻ്റെ toptube effective എന്ന അളവ് പരിഗണിക്കുന്നത്. ഇനി അടുത്ത ചിത്രങ്ങൾ കൂടി കാണുക.
ചിത്രം 2 കാലുകളുടെ നീളം.  Inseam എന്ന ആംഗലേയം.  ചിത്രം 1 ലെ A എന്ന അളവുമായി ബന്ധമുണ്ട്. ഉണ്ടാ??  

ചിത്രം 3 - കൈകളുടെ നീളം. Arm span ആദ്യ ചിത്രത്തിലെ  B* അഥവാ top tube effective എന്ന അളവുമായി ബന്ധമുണ്ട്. സവാരി സമയം നിങ്ങളുടെ ഇരിപ്പു രീതി - Posture - ആയും ബന്ധമുണ്ട്. 

ചിത്രം 3 ലെതു പോലെ കൈകൾ അളന്നാൽ കിട്ടുന്ന അളവ് സാധാരണ ആ വ്യക്തിയുടെ ഉയരത്തിന് തുല്യമായിരിക്കും. വളരേ ചെറിയ ശതമാനം ആളുകൾക്ക് ഇതിൽ വ്യതിയാനം ഉണ്ടാകാം.

ചെരുപ്പു കടയിലും (റെഡി മേഡ്).തുണി വാങ്ങുമ്പോഴും അളവും സൈസും ക്യത്യമായി നോക്കുന്ന നമ്മൾ സെക്കിളിൻ്റെ കാര്യത്തിൽ ഇത് അറിയുന്നില്ല; പറയുന്നില്ല; അറിഞ്ഞോ അറിയാതെയോ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു.

26", 27.5", 29" എന്നൊക്കെ പറയുന്നത് ഇഞ്ചു കണക്കിൽ ടയറുകളുടെ ഏകദേശ വ്യാസമാണ്; ഒരിക്കലുമത് സൈക്കിളിൻ്റെ സൈസല്ല. ഒന്നാം ചിത്രത്തിൽ കാണുന്ന ഫ്രേമാണ് നിങ്ങളുടെ സൈക്കിൾ. അതിൻ്റെ അളവാണ് നിങ്ങൾക്ക് യോജിക്കുന്നുവോ എന്ന് നിങ്ങൾ നോക്കേണ്ടത്. മറ്റുള്ളവരുടെ ശരീരം അവരുടെതാണ്. ആ ശരീരത്തിന് യോജിച്ചത് നിങ്ങൾക്ക് യോജിച്ചതാകാം; യോജിക്കാതിരിക്കാം. നിങ്ങൾ ശ്രദ്ധിക്കണം.

Hybrid, road bike, touring bike, endurance, gravel, Commute, എന്നൊക്കെ പല ഇനം സൈക്കിളുകൾ ഉണ്ട്. ഇവയ്ക്കെല്ലാം തന്നെ MTB എന്ന ഇനം സൈക്കിളിന് ഇല്ലാത്ത  ഒരു പ്രത്യേകത ഉണ്ട്. MTBകൾ കൂടുതൽ സമയവും പെഡലുകളിൽ നിന്ന് ചവിട്ടാൻ രൂപകൽപന ചെയ്തവയാണ്. അതു കൊണ്ട് സാധാരണ D എന്ന അളവ് (ഹെഡ് ട്യൂബ്) കൂടി നിൽക്കും.  ടോപ്പ് ട്യൂബ് ഇഫക്റ്റിവ് (ചിത്രം 1 ൽ B*) കുറവും ആയിരിക്കും. കമ്മ്യൂട്ട് സൈക്കിളും ഏതാണ്ട് ഇതേ പോലെ ആണെങ്കിലും ഗ്രൗൺഡ് ക്ലിയറൻസ് കൂടുതൽ കിട്ടാൻ ചിത്രം 1 ലെ H എന്ന അളവ് (ബോട്ടം ബ്രാക്കറ്റ് "drop") MTB യിൽ കുറവും ഹൈബ്രിഡ്, കമ്മ്യൂട്ട് സൈക്കിളുകളിൽ കൂടുതലും ആയിരിക്കും. അഥവാ A എന്ന സീറ്റ് ട്യൂബ് അളവ് തുല്യമായാലും MTB കളിൽ റൈഡർ കൂടുതൽ ഉയരത്തിലായിരിക്കും. സാഡിലിൻ്റെ ഉയരം ക്രമീകരിക്കുമ്പോൾ ഇത് വിസ്മരിക്കരുത്.  

ഫ്രേയ്മിൻ്റെ ഇങ്ങനെയുള്ള പ്രത്യേകതകൾ മൂലമാണ് MTB ക്ക് ഹൈബ്രിഡ് ടയറിട്ടാലും ഒരു ഹൈബ്രിഡിൻ്റെ സുഖം കിട്ടില്ല എന്ന് പലരും പറയുന്നത്.  

യാത്രാസുഖം കൂടുതലാണ് എന്നും  പഞ്ചറിനുള്ള സാദ്ധ്യത കുറവാണ് എന്നുമുള്ള പ്രചരണവുമാണ് MTB വിറ്റഴിക്കാനുള്ള മറ്റൊരു കച്ചവട തന്ത്രം. Knobby tread pattern ഇല്ലാത്ത വീതി കൂടിയ ടയറുകൾ ആണ് ഇത്തരം ആവശ്യങ്ങൾക്ക് യോജിച്ചത്. ടയറുകളെ കുറിച്ചുള്ള മുൻ പോസ്റ്റ് ഇവിടെ. Puncture 100% ഒഴിവാക്കാൻ പറ്റില്ല; കൂടുതലായി ഉണ്ടാകുന്നത് ടയറുകളുടെ ഗുണ മേന്മ ഇല്ലായ്മ കൊണ്ടു മാത്രമാണ്.  (മുൻ പോസ്റ്റ് കാണുക).

ചിത്രം - ഇത്തരം ടയറുകൾ ഒരിക്കലു' പഞ്ചറാവില്ല. 100% ഉറപ്പ്.  കാറ്റ് നിറയ്ക്കുന്ന ഏതു ടയറും എപ്പോഴെങ്കിലും പഞ്ചറാകും.

ഇനി നിങ്ങൾ ഇതു വരെ കണ്ട / കേട്ട / വായിച്ച റിവ്യുകൾ പുനഃപരിശോധിക്കുക. ഫ്രേം സൈസ്നെ പറ്റി ഏതു റിവ്യൂ ആണ് നിങ്ങളോട് പറഞ്ഞത്?? ബോട്ടം ബ്രാക്കറ്റ്  ഡ്രോപ്പ്, ഹെഡ് ട്യൂബ്ൻ്റെ അളവ് എന്നൊക്കെ ആരെങ്കിലും പറഞ്ഞോ? ഇല്ല?? തെറ്റായ അളവിലുള്ള പാദരക്ഷകളും വസ്ത്രങ്ങളും തുടർച്ചയായി 2-3 ദിവസം ഉപയോഗിക്കുമ്പോഴുള്ള അസ്വസ്തഥ മാത്രമാണ് നിങ്ങൾ നേരിട്ടത്; അഥവാ ഫ്രേയം സൈസ് നോക്കാതെ സൈക്കിൾ വാങ്ങിയാൽ സംഭവിക്കുക.

ഫ്രേയം ശരിയായ അളവിലുള്ളത് കിട്ടിയാൽ പോര. 
 ചിത്രം - ഹാൻ്റിൽ ബാറും (H - B) സ്റ്റെമ്മും (S - T). (ചിത്രം കടപ്പാട് - ഇൻറ്റർനെറ്റ്.) സൈക്കിൾ സൈസ് അനുസരിച്ച് ഹാൻ്റിൽ ബാർ നീളം H-B വ്യത്യാസം വരും.  Aerodynamic കിട്ടാൻ ഈ അളവ് കുറയണം. പക്ഷേ റൈഡർ കൂടുതൽ ഉയർന്ന പൊസിഷിനിൽ ഇരിക്കും. S -T എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിന് നീളം ക്രമീകരിക്കാം. (Stem മാറ്റാൻ പറ്റുമെങ്കിൽ മാത്രം - അത് മാറ്റണം).  സാഡൽ ഉയരം ക്രമീകരിക്കുന്നതും ഇതിൻ്റെ പ്രധാന ഭാഗമാണ്. ഇതൊക്കെ bike fit എന്ന പ്രക്രിയയുടെ ഭാഗമാണ്. പിന്നീട് എപ്പോഴെങ്കിലും ചർച്ച ചെയ്യാം.  ഈ ഭാഗം പറയാൻ കാരണമുണ്ട്. നാലു മുണ്ടെടുത്ത് ചേർത്തു തയ്ച്ചാൽ സാരിയുടെ നീളമുള്ള തുണി കിട്ടും.  പക്ഷേ അത് സാരിയാകില്ല. തെറ്റായ സൈസിലുള്ള ഫ്രേയ്മെടുത്ത് കാണിക്കാവുന്ന "അഡ്ജസ്റ്റ്മന്റുകൾ"ക്ക് പരിധിയുണ്ട്.  എന്നാൽ മുകളിൽ സൂചിപ്പിച്ച inseam, arm Span. എന്നിവ ഉയരത്തിന് ആനുപാതികമല്ലാതെ വരുന്ന അപൂർവ്വം വ്യക്തികൾക്കും പരിചയം / അനുഭവം വച്ച് മറ്റു കാരണങ്ങൾ മൂലവും ഇപ്രകാരം ക്രമീകരണങ്ങൾ ചെയ്യാം. Bike fit is no substitute for the right bike size.  

മൂന്നു സൈസ് ഫ്രേയ്മെങ്കിലും ഉണ്ടെങ്കിൽ ഉത്പാദകർ വിവിധ ശാരീരിക അളവുകൾ പരിഗണിച്ചിട്ടുണ്ട് എന്ന് ധൈര്യമായി അനുമാനിക്കാം. ഒരു സൈസ് പത്തു സെന്റീമീറ്ററിലധികം ഉയര വ്യത്യാസമുള്ളവർക്ക് ശുപാർശ ചെയ്യുന്നു എങ്കിൽ എന്നും ശ്രദ്ധ വേണം. സൈക്കിൾ മാറ്റി വാങ്ങാം.  ശരീരം മാറ്റി വാങ്ങാൻ പറ്റില്ലല്ലോ. 

No comments:

Post a Comment